31-March-2023 -
By. Business Desk
കൊച്ചി : ഹോള്‍മാര്‍ക്ക് യൂണിക്ക് ഐഡന്റിഫിക്കേഷന്‍(എച്ച്.യു.ഐ.ഡി) ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടവന്ത്രയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് (ബി.ഐ.എസ്) ഓഫിസിനു മുന്നിലേക്ക് സ്വര്‍ണ്ണം,വെള്ളി വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി നൂറുകണക്കിന് വ്യാപാരികള്‍ അണി നിരന്നു. ബി.ഐ.എസ് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. എച്ച്.യു.ഐ.ഡിക്കെതിരെ പി.ടി.ചെറിയാന്‍ സ്വര്‍ണ്ണഭവന്‍ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ നല്‍കിയ കേസില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി രാജു അപ്‌സര പറഞ്ഞു.
എച്ച്.യു.ഐ.ഡി നടപ്പിലാക്കുന്നതിനെ വ്യാപാരികള്‍ എതിര്‍ക്കുന്നില്ല. വിഷയം സ്വര്‍ണ വ്യാപാര മേഖലയിലുള്ളവരുമായി ചര്‍ച്ച ചെയ്ത് ദൂഷ്യവശങ്ങള്‍ പരിഹരിച്ചു വേണം നടപ്പിലാക്കാനെന്നും രാജു അപ്‌സര പറഞ്ഞു. രാജ്യത്തെ സ്വര്‍ണ്ണവ്യാപാര മേഖലയില്‍ പണിയെടുക്കുന്ന ഒരു കോടിയിലധികം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണത.് ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ല.രാജ്യത്തെ 779 ജില്ലകളില്‍ 336 ജില്ലകള്‍ക്കു മാത്രമാണ് നിലവില്‍ എച്ച്.യു.ഐ.ഡി ബാധകമാക്കിയിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ മുഴുവന്‍ എന്നാണോ എച്ച്.യു.ഐ.ഡി നടപ്പാക്കാവുന്ന സംവിധാനം പ്രാവര്‍ത്തികമാകുന്നത് അന്ന് രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണന്നും അല്ലാതെയുള്ള ഒരു നീക്കവും തങ്ങള്‍ അംഗീകരിക്കില്ലെന്നും രാജു അപ്‌സര വ്യക്തമാക്കി.
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സക്കീര്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ജേക്കബ്ബ്, എ.കെ.ജി.എസ്.എം.എ നേതാക്കളായ രാജന്‍ ജെ.തോപ്പില്‍, അബ്ദുള്‍ കരിം ഹാജി, കോടോത്ത് അശോകന്‍ നായര്‍,എബി പാലത്ര, പി.എം തോമസ്, കെ.എം ജലീല്‍, എസ്.രാധാകൃഷ്ണന്‍, ജോസ് വര്‍ക്കി കാക്കനാട്ട്, മാത്യു കണ്ടിരിക്കല്‍, ബാബു ആലപ്പാട്ട്,മോഹന്‍ ആലപ്പുഴ, രാജന്‍ അനശ്വര, നിക്‌സണ്‍ മാവേലി, റെനി വര്‍ക്കി കാക്കനാട്ട്, വി.മൊയ്തു, അബ്ദുള്‍ റസാഖ്, സാജന്‍ കട്ടപ്പന, ജോയി പഴേമഠം, അഡ്വ ദില്‍ഷാദ് ,ഹരി പ്രസൂണ്‍,സന്തോഷ് കണ്ടതില്‍,മനോജ് വിശ്വനാഥ്, കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എം. സി പോള്‍സണ്‍, ജില്ലാ സെക്രട്ടറി അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.